27.7.08

നിനക്ക്....

''വേര്‍പാട് ഒഴികെ, അന്യോന്യമുള്ള
യാത്ര പറയല്‍ ഒഴികെ മറ്റൊന്നും
അവശേഷിക്കുന്നില്ല''...: ഖലീല്‍ ജിബ്രാന്‍


(മറയാന്‍ തുടങ്ങുന്ന സൂര്യന്‍
അരുമയായ് മണ്ണിനെ നോക്കി
അകലാതെ വയ്യെന്ന തിരിച്ചറിവില്‍
ആ കണ്ണുകള്‍ നന്നേ ചുവന്നിരുന്നു..)


നിനക്ക്....

പ്രിയേ നിന്‍ പതുത്ത കൈകളില്‍
പകര്‍ന്നു നല്‍കുവാന്‍ മിഴിച്ചിമിഴിലെ
അലകടല്‍ മാത്രം, അലകടല്‍ മാത്രം.
എനിക്ക് കണ്ണ് നീ, എനിക്ക് കാതു നീ,
എനിക്കുയിര് നീ, എനിക്ക് സര്‍വം നീ...
നിരാശത മൂടി തളര്ന്നിരിക്കുമെന്‍
ധമനികള്‍ വറ്റി വരണ്ടു പോകുമ്പോള്
‍അണഞ്ഞു പോകാതെനിക്ക് ജീവനം
തിരിച്ചു തന്നു നീ കൊതിച്ച ജീവിതം.
നിനക്കു നേദിക്കാന്‍ കുറിച്ച വാക്കുകള്‍
മനം കടഞ്ഞു ഞാനെടുത്ത നോക്കുകള്‍
ഉടച്ചു നീയിനി കുതിച്ചു പായുക
അമൂര്‍ത്തമാം സ്നേഹം തിരഞ്ഞുപോകുക.
മധുകണം തേടി തിരഞ്ഞു പൂക്കളില്‍
അലഞ്ഞിടും ചിത്രശലഭങ്ങള്‍ക്കൊപ്പം
പറന്നുയരുമ്പോള്‍ മറന്നിടായ്ക നീ..
നിനക്കു നല്‍കുവാന്‍ മിഴിച്ചിമിഴിലെ
കിനാവുകള്‍ മാത്രം, തളര്‍ന്നുറങ്ങുമ്പോള്‍
കിനാവുകള്‍ എന്റെ ഉടപ്പിരപ്പുകള്‍,
ശിഥില സ്വപ്‌നങ്ങള്‍ എനിക്ക് സാന്ത്വനം.
ഇതെന്നുമോര്‍ക്ക നീ, അറിഞ്ഞു പാടുക,
നിനക്കു പിന്നാലെ വരുന്നവര്‍ക്കിതിന്‍
പിഴവുകള്‍ തീര്‍ത്തു പകര്‍ന്നു നല്കുക
മുരളിക പേര്‍ത്തും തിരഞ്ഞു നോക്കായ്ക.. (july 2008)

19 comments:

Unknown said...

''വേര്‍പാട് ഒഴികെ, അന്യന്യോന്യമുള്ള യാത്ര പറയല്‍ ഒഴികെ മറ്റൊന്നും അവശേഷിക്കുന്നില്ല... : ഖലീല്‍ ജിബ്രാന്‍''

പറഞ്ഞല്ലോ, ഒന്നും ബാക്കിയില്ല.
വൃത്തം പൂര്‍ത്തിയാവുകയും ഞാന്‍ എന്നിലേക്ക് മടങ്ങുകയും ചെയ്യുമ്പോള്‍ നീ തന്ന പ്രണയത്തിനു നന്ദി..
ഈ വരികള്‍ നിനക്ക്... നീ നല്കിയതിന്.. പറഞ്ഞ നല്ല വാക്കുകള്‍ക്ക്...

ശ്രീ said...

വരികള്‍ എന്നത്തേയും പോലെ സുന്ദരം.
“എനിക്ക് കണ്ണ് നീ, എനിക്ക് കാതു നീ,
എനിക്കുയിര് നീ, എനിക്ക് സര്‍വം നീ...”

പ്രണയാതുരമായ വരികള്‍...
പക്ഷേ എന്താണൊരു വിഷാദച്ഛായ?

Anonymous said...

എനിക്കു പദ്യകവിതകള്‍ ആസ്വദിക്കാന്‍ കഴിയില്ല എന്നാണ് ഞാന്‍ കരുതിയിരുന്നത്‌!
ദാ പ്രണയവും വിരഹവും
''വേര്‍പാട് ഒഴികെ, അന്യോന്യമുള്ള
യാത്ര പറയല്‍ ഒഴികെ മറ്റൊന്നും
അവശേഷിക്കുന്നില്ല''

ആഹ്!

Rare Rose said...

ഈ മുരളികയില്‍ വീണ്ടും പ്രണയം അലയടിക്കുന്നുവല്ലോ...മിഴിച്ചിമിഴില്‍ അണയാതെ അവള്‍ക്കു വേണ്ടി കാത്തു വെച്ച പ്രണയം...വിരഹം...കൊള്ളാം ട്ടോ...

പിന്നെ ഉടപിരപ്പ് അല്ലല്ലോ ഉടപിറപ്പ് അല്ലേ ശരി..

resh said...

മധുകണം തേടി തിരഞ്ഞു പൂക്കളില്‍
അലഞ്ഞിടും ചിത്രശലഭങ്ങള്‍ക്കൊപ്പം
പറന്നുയരുമ്പോള്‍ മറന്നിടായ്ക നീ..

എന്താണ് കൃഷ്ണാ?? എന്താ ഇതു? എന്താണ് നീ അര്‍ത്ഥമാക്കുന്നത്??
കവിത മനോഹരം, പക്ഷെ കഴിഞ്ഞ പോസ്റ്റിന്റെ കടം വീട്ടിയ പോലെ തോന്നുന്നു..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

"അണഞ്ഞു പോകാതെനിക്ക് ജീവനം
തിരിച്ചു തന്നു നീ കൊതിച്ച ജീവിതം"
വാ‍യിച്ചപ്പോല്‍ കണ്ണുകള്‍ നിറയുകയും , മനസ്സില്‍ ഓര്‍മ്മകള്‍ നിറയുകയും ചെയ്തു.
സുന്ദരം മനോഹരം............
എല്ലാ കവിതകളും ഒന്നുകൂടെ വായിച്ചു.....
എല്ലാ നന്മകളും നേരുന്നു

Ranjith chemmad / ചെമ്മാടൻ said...

ശരിക്കുമൊരു മുരളിക
പാടുന്നപോലെ,
മെല്ലെ മെല്ലെ, കാറ്റിന്റെ കുഞ്ഞോളങ്ങള്‍ക്കൊപ്പം
നേര്‍ത്ത ഈണത്തില്‍
അങ്ങനെയങ്ങനെയങ്ങനെ......

Sarija NS said...

നിനക്കു നേദിക്കാന്‍ കുറിച്ച വാക്കുകള്‍
മനം കടഞ്ഞു ഞാനെടുത്ത നോക്കുകള്‍


എന്നെ പിടിച്ച് നിര്‍ത്തിയത് ഈ വരികള്‍ :)

വ്യാസ്... said...

ലളിതം മനോഹരം.. ലാളിത്യമുള്ള ഭാഷയ്ക്ക് ഭംഗിയേറി...........
വിഷാദം എങ്കിലും വരികള്‍ ഹൃദ്യം...
തുടരുക കവേ...

siva // ശിവ said...

നന്ദി ഈ വരികള്‍ക്ക്....അറിഞ്ഞു പാടുക എന്നെഴുതിയത് വായിച്ചപ്പോള്‍ ഞാന്‍ അറിയാതെ എന്തൊക്കെയോ ഓര്‍ത്തു പോയി...

Unknown said...

എനിക്ക് കണ്ണ് നീ, എനിക്ക് കാതു നീ,
എനിക്കുയിര് നീ, എനിക്ക് സര്‍വം നീ
ഞാന്‍ പണ്ട് ദേവിയോട് ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്,ദേവിയെ അറിയുമോ എന്റെ പ്രണയത്തിന്റെ ഏക്കാലത്തെയും വേദന
അതു നഷടപെട്ടപ്പോള്‍ ഞാന്‍ ഈ ലോകത്തെ പോലും
മറന്നു..
എന്നിട്ടും എന്നില്‍ പ്രണയം വേദനകലര്‍ന്ന ഓര്‍മ്മയായി
മുരളിയുടെ ബ്ലോഗില്‍ ഞാനാദ്യാമായിട്ടാണ്
ഇനി ഇവിടെ വരുട്ടോ
വളരെ ഇഷടപെട്ടു
സസ്നേഹം
പിള്ളേച്ചന്‍

അരുണ്‍ കരിമുട്ടം said...

മച്ചാ,വീണ്ടും കലക്കി.
നല്ല വരികള്‍
ഒരു വിമര്‍ശനം ചെയ്യാന്‍ തോന്നുന്നില്ല.വിരഹമാണൊ പ്രണയമാണോ ഹൈലൈറ്റ് എന്നൊരു സംശയം

തോന്ന്യാസി said...

നിനക്കു നല്‍കുവാന്‍ മിഴിച്ചിമിഴിലെ
കിനാവുകള്‍ മാത്രം.........


ഒരു കയ്യൊപ്പ്......

വായിച്ചു എന്നറിയിയ്ക്കാന്‍.........

നവരുചിയന്‍ said...

നിനക്കു നേദിക്കാന്‍ കുറിച്ച വാക്കുകള്‍
മനം കടഞ്ഞു ഞാനെടുത്ത നോക്കുകള്‍
ഉടച്ചു നീയിനി കുതിച്ചു പായുക
അമൂര്‍ത്തമാം സ്നേഹം തിരഞ്ഞുപോകുക.

മനോഹരം അയ വരികള്‍ ....

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Unknown said...

ആശംസകളോടെ ഒരു കൈയൊപ്പ് !

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഒരു നിരാശാ കാമുകനാണോ?? :)

ഒരു സ്നേഹിതന്‍ said...

“എനിക്ക് കണ്ണ് നീ, എനിക്ക് കാതു നീ,
എനിക്കുയിര് നീ, എനിക്ക് സര്‍വം നീ...“

അതാണു..

മുരളീരവത്തിലെ പ്രണയ സുന്ദര വരികൾ എത്ര മനോഹരം..

കാവാലം ജയകൃഷ്ണന്‍ said...

നല്ല കവിത മുരളീ... മനസ്സില്‍ തട്ടി

ഒരു സംശയം. ‘നിരാശത’ എന്നൊരു വാക്കുണ്ടോ? നിരാശ എന്നല്ലേ പറയൂ.

ആശംസകള്‍