28.4.08

പറയരുതാത്തത്‌....

പണ്ട്‌
പണ്ട്‌ പഞ്ചമിയെന്നൊരു പറയിക്ക്‌
ചില ക്രൂരസത്യങ്ങള്‍
പറഞ്ഞു കരയാനുണ്ടായിരുന്നു.
ഒഴിവാക്കപ്പെടലിന്റെ, ശ്രമിക്കലുകളുടെ
വേദനകള്‍.
അതിനുമെത്രയോ മുമ്പ്‌
ഒരു വരരുചി ബ്രാഹമണന്‌
സ്വന്തം ഭാഗം ന്യായീകരിക്കാനുണ്ടായിരുന്നു.
പക്ഷേ
വിധി അവളിലൂടെ
വിജയക്കൊടി പാറ്റിയപ്പോള്‍
പന്തിരുകുലമെന്ന്‌ ഓമനപ്പേരിട്ട്‌
പാന്ഥര്‍ക്കു വിട്ടുനല്‍കി
അയാള്‍ നടന്നു.
ചരിത്രത്തോളം കാലപ്പഴക്കം പറയുന്ന
മാതൃത്വത്തിന്റെ നിസഹായതയും പേറി
അവളും.
****
പണം ആളെക്കൊല്ലിയെന്നു പാക്കനാര്‍
പാടിയത്‌ അസൂയ കൊണ്ടാവില്ല.
മലകള്‍ ചില കല്ലുകള്‍ക്ക്‌
താഴേക്കടുക്കി
നിമിത്തങ്ങള്‍ കുറിച്ചുപുലമ്പി
നാരായണന്‍ എന്നൊരു ഭ്രാന്തന്‍.
ഉറ്റവരൊക്കെയും മറ്റവരായിട്ടും
കര്‍മബന്ധം ജന്മബന്ധത്തോടുടക്കിയവര്‍.
അവര്‍
സംസ്കൃതിയുടെ അടിത്തറ
സ്പോണ്‍സര്‍ ചെയ്തവര്‍.
****
കാലചക്രം കറങ്ങിത്തിരിഞ്ഞ്‌
ചരിത്രം ഇരുപത്‌ നൂറ്റാണ്ടുകള്‍
വായിച്ചു തീര്‍ക്കുമ്പോള്‍
അതിലൊരാള്‍ ഇന്നിന്റെ പ്രതിനിധി.
അധാര്‍മിക ജഠര സാമൂഹികങ്ങള്‍ക്കെതിരെ
കൊടുവാളുയര്‍ത്തിയ പന്തിരുകുലത്തിന്റെ
കൊടിയിലത്തെ കണ്ണി.
ഇന്നിന്റെ നായകന്‍ വായില്ലാക്കുന്നിലപ്പന്‍,
ഇന്നെന്റെ നാടിന്റെ സ്വത്വം.
പരിഭവിക്കാനുള്ള ഭാഷയറിയാത്ത
വായില്ലാക്കുന്നിലപ്പന്മാര്‍ ഇന്നിന്റെ അനിവാര്യത.
ഉത്തരാധുനികമെന്ന ഓമനപ്പേരില്‍ മുങ്ങി,
ശ്വാസം വിലങ്ങി, വിങ്ങി
സ്വപ്നങ്ങള്‍ പ്രജ്ഞയെ കാര്‍ന്നുതിന്നാളുന്ന,
മീന്‍ തിന്നുതീര്‍ക്കും ശവങ്ങളായി മാറുന്ന
മലയാളിയുടെ ധര്‍മ്മം.
അധിനിവേശങ്ങള്‍ക്കു മാപ്പുസാക്ഷികളാവുന്ന
നമ്മുടെ തന്നെ ധര്‍മ്മം.
അതല്ലാതെനിക്കാരുണ്ട്‌ ഒരു റോള്‍ മോഡല്‍?? (june 2004)

8.4.08

ചുവപ്പ്‌

ഒരാണ്ടില്‍
പന്ത്രണ്ടുതവണയും
പൂത്തതേതു മരം?
തീര്‍ച്ചയായും അത്‌ മാവല്ല,
മാമ്പഴച്ചാറിന്‌ കടും ചുവപ്പല്ലെന്ന്‌
അമ്മ പറഞ്ഞിട്ടുണ്ട്‌.

മതം കറുപ്പല്ലേ
അതിലെങ്ങിനെയാണ്‌
ചുവന്ന പൂക്കള്‍
വസന്തം വിടര്‍ത്തുക?

പൂക്കുമ്പോഴൊക്കെയും
പൂജിക്കപ്പെടുന്ന കാലത്തിലും
ഈ അമ്മ മരം / നന്മ മരം
നിരന്തരം ഒറ്റപ്പെടാന്‍ കാരണമെന്താവണം?? (january 2008)