19.2.09

പവിത്രൻ

വീട്ടില്‍;
മീന്‍ ചുട്ടെടുത്താല്‍
കപ്പയ്ക്ക് കൂട്ടാമെന്ന് മകള്‍.
പച്ചമീന്‍ ചുട്ടാലും കുളിക്കാതെ വന്നാലും
വാട നാറുന്നു എന്ന് ഭാര്യ.
വിറ്റ മീനിന്‍റെ പണമെണ്ണി
പുഞ്ചിരിച്ചത് ഒരു തെരുവ് വേശ്യ.

വഴിയില്‍;
മീന്‍കണ്ണ് പോലെ തുടിക്കുന്നു
നിന്‍റെ കണ്ണുകള്‍ എന്ന് കാമുകി.
മീനിനെ പോലെ വഴുക്കുന്നു
പൗരുഷമെന്നു ലേഡിഡോക്ടര്‍.
മീനായ്‌ അവതരിച്ച എന്‍റെ കൃഷ്ണന്‍
നീ തന്നെയെന്ന്‌ ഒരധ്യാപിക.

മുന്നില്‍;
ചീഞ്ഞ മീന്‍ പോലെ നിന്‍റെ
വാക്കുകള്‍ എന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍
കണ്ണാടിയില്‍ കണ്ണുകള്‍
ചത്തമീന്‍ പോലെ മലര്‍ന്നിരിക്കുന്നു.
തീക്കനല്‍ പാറിയ കണ്ണിലെ
കൃഷ്ണമണി പോലും തണുത്ത് വിറക്കുന്നു. (2007 ജൂൺ)