24.8.09

ഓണമാണത്രെ.....

അദ്വൈതമന്ത്രങ്ങളുച്ചസ്തരം പ്രഘോഷി-
ച്ചോരു സംസ്‌കാരമെവിടെ വേറെ?
മിഥുനക്രൗഞ്ചങ്ങളെ അമ്പെയ്ത വേടനോട-
രുത് കാട്ടാളയെന്നലറിയ നാടെങ്ങുവേറെ?
ആയുധപ്പുരാകളാകുന്നിതാരാധനാലയം
ആ ദൈവനാടെങ്ങുപോയീ?

ഉത്തരാധുനികത പുല്‍കും പ്രബുദ്ധത
മരവിച്ചുനില്‍ക്കുന്ന മനസാക്ഷിമടകളില്‍
പട്ടിണി പരിവട്ടം മാത്രമെന്‍ ജീവിത-
മെന്നു പാടുന്നൊരീ മൂകര്‍, നല്‍കുന്ന ജൈവ-
സന്ദേശമറിയാതെ, അതില്‍ മൃതി തീണ്ടി
മരവിച്ചു നില്‍ക്കുന്ന സംസ്‌കാരമെങ്ങുവേറെ?

അറിവിന്റെ സര്‍വ്വജ്ഞപീഠം ചവിട്ടുവാന്‍
നിറവിന്റെ ഉല്‍പ്പത്തിയെവിടെയന്നറിയുവാന്‍
വിദ്യയര്‍ത്ഥിക്കുന്ന യുവസമൂഹം, ജീവനര്‍ച്ചിക്കും
അധികാരവര്‍ഗത്തിന്‍ ചുടലച്ചിരികളെ
കാതുവിളര്‍ക്കെ കേള്‍ക്കാന്‍, സഹിക്കാന്‍ വിധി-
കേട്ട സമത്വസുന്ദര നാടെങ്ങുവേറെ?

ഇന്നിതാ ഉയരുന്നു, ഒരുമതില്‍ വന്‍മതില്‍
ലോകാത്ഭുതങ്ങളില്‍ സ്ഥാനം പിടിക്കുവാന്‍
മലയാളനാടിനെ രണ്ടായി മുറിക്കുവാന്‍
ആംഗലേയത്തിന്റെ സ്വപ്നം തളിര്‍ക്കുവാന്‍
അധികാരവര്‍ഗം ചമച്ചെടുക്കും നൂതന-
അധിനിവേശങ്ങള്‍ക്ക് രൂപം പകര്‍ത്തുവാന്‍

അടിമകള്‍ക്കുടമകള്‍ തീണ്ടലതേകും വര്‍ണ-
ഭ്രഷ്ടുകല്‍പ്പിച്ചൊരാ തിരുരാജവീഥികള്‍
ഇവിടെയിനി പുതിയതാം രൂപം പിറക്കവേ
അതിവേഗവീഥിയാം സ്വപ്നം തളിര്‍ക്കുന്നു
കണ്‍പാര്‍ത്തുനില്‍ക്കുക, വരവേല്‍ക്കുവാന്‍ ഈ
നവരൂപത്തെ പാവങ്ങള്‍ സ്വപ്നത്തില്‍ കാണുക.

ഇത് ദൈവതത്തിന്റെ സ്വന്തനാടെന്നലറുന്ന,
അസുരന്‍ ഭരിക്കയും അച്ഛന്‍ മരിക്കയും ചെയ്യുന്ന
വിധവയാം നാടെങ്ങുവേറെ?
അധികാരവര്‍ഗ്ഗം ചമയ്ക്കും നിയതികള്‍ക്കി-
തിലില്ല, പങ്കില്ല, ഇനി പറയുവാനില്ല,
ഞാന്‍ പാഞ്ഞുപോയീ.......... (2004 August)



(പ്ലാച്ചിമടയും രജനി എസ് ആനന്ദും എക്‌സ്പ്രസ്സ് ഹൈവേയും കലുഷിതമാക്കിയ 2004 വര്‍ഷത്തെ ഓണാഘോഷത്തിന് കോളേജ് ഓഡിറ്റോറിയത്തില്‍ പാടിയത്. അഞ്ചുവര്‍ഷത്തെ പഴക്കമുണ്ട്, വിഷയത്തിനും വരികള്‍ക്കും)

10.8.09

വിട

വിട പറയുമ്പോള്‍:-
തുടിപ്പിച്ചു നിര്‍ത്താന്‍ കഴിയാത്ത മനസ്സിനെ
കരള്‍നൊന്തുകൊണ്‌ടേ മറന്നുകൊള്‍ക
അനുതാപമെങ്കിലും അകം നൊന്തുപാടാത്ത
ആഢ്യത്വമന്നേ തിരിച്ചുനല്‍ക
തളരുന്നൊരിന്ദ്രിയം ജന്മതാപങ്ങള്‍ തന്‍
അരണിയില്‍വച്ചേ കടഞ്ഞുകൊള്‍ക

അലിയുവാനാകാത്ത അമൃതമെന്നാകിലും
ചിരിതൂകി നിന്നേ വെടിഞ്ഞുകൊള്‍ക
ശ്രുതി മീട്ടുവാനായി വിരലുകള്‍ നീങ്ങാത്ത
കളിവീണയിനി നീ എറിഞ്ഞുകൊള്‍ക
ഇനിയൊന്നു കോര്‍ക്കുവാനാവാത്തൊരാനന്ദം
മറവിയില്‍ മുക്കി അകന്നുപോക....


ഇന്നലെ പറഞ്ഞത്‌:-
അകലാന്‍ തുടങ്ങുന്ന സൂര്യന്‍
അരുമയായ്‌ മണ്ണിനെ നോക്കി
അകലാതെ വയ്യെന്ന തിരിച്ചറിവില്‍
ആ കണ്ണുകള്‍ നന്നേ ചുവന്നിരുന്നു
മാഞ്ഞിടും ഇന്ന്‌ ഞാനെങ്കിലും ദേവികേ
മായില്ല നീയെന്റെ മാനസവനികയില്‍

തന്ത്രികള്‍ പൊട്ടിയ തംബുരുമീട്ടുവാന്‍
ഇനിയുമീ മുരളിയില്‍ രാഗം വിടര്‍ത്തുവാന്‍
എന്നനുരാഗമാം വൃന്ദാവനത്തിലെ
മായാമാരിവില്ലിന്റെ വര്‍ണത്തിനപ്പുറം
കാക്കുന്ന പൊന്‍മയില്‍പ്പീലിയായ്‌
സഖീ എന്‍ നെടുവീര്‍പ്പിന്റെ താളമാകും,
എന്‍ നൊമ്പരങ്ങള്‍ നീ പങ്കുവയ്‌ക്കും

മണ്ണാങ്കട്ട...... (09 august 2009)