10.8.08

ഫ, ഫാരതം എന്നെഴുതുന്ന ഫ.

പ്രണവമാം പ്രളയശബ്ദത്തില്‍ നിന്നത്രേ
പ്രപഞ്ചത്തിന്‍ ഉല്‍പത്തിയെന്നു പഠിച്ചോരിന്ത്യ
അരുത് ഹിംസയെന്നാര്‍ത്തു പാടിക്കൊണ്ട്
ഇതിഹാസ കാവ്യം ചമച്ചോരീ ഇന്ത്യ.

എന്‍ മകന്‍ ഭരതന്‍ രാജ്യം ഭരിക്കണം,
നിന്‍ മകന്‍ രാമനോ വനവാസിയാകണം
എന്ന് വരം വാങ്ങി സംതൃപ്തിയടയുന്ന
കേകയരാജ്ഞി തന്‍ അന്തരംഗങ്ങളില്‍
അന്നേ പിളര്‍ന്നോരീ ഇന്ത്യ.

സോദരി തന്നേയാ പാണ്ഡവ പത്നിയെ
മുട്ടോളമെത്തിയ മുടി പിടിച്ചുലച്ചും,
നേര്‍ത്ത മാര്‍ക്കച്ച ബലമായഴിച്ചും
ഉടുപുടവ ചീന്തിയും
ഉള്‍തുടകളെ നനച്ചുകൊണ്ട് കണങ്കാലില്‍
തെളിഞ്ഞ നേര്‍രേഖയ്ക്ക് കടും ചുവപ്പേകിയ
രജരക്തത്തിന്‍ നിഗൂഡമാം ഉറവിടം
നഗ്നയായ്‌ നിര്‍ത്തുവാന്‍,
കണ്ടാസ്വദിക്കുവാന്‍
അട്ടഹസിക്കുവാന്‍ കാത്തുനിന്നീടുന്ന
ഹസ്തിനപുരത്തിന്റെ ധാ(ധൂ)ര്‍ത്തരാഷ്ട്രന്‍മാര്‍ക്ക്
നേര്‍ പിന്തുടര്‍ച്ചയാകുന്നെന്റെ ഇന്ത്യ.

വീര വിവേകും ഗാന്ധി മഹാത്മാവും
സ്വപ്‌നങ്ങള്‍ കണ്ടൊരീ ഇന്ത്യ.
സമാരാജ്യ ജീവിതം സാക്ഷാത്കരിക്കുവാന്‍
അന്നേ പുലര്‍ന്നോരീ ഇന്ത്യ, അവര്‍
നന്നേ അലഞ്ഞോരീ ഇന്ത്യ.

മുപ്പത്തി മുക്കൊടിയില്‍ പരം ദേവകള്‍
അഭയം തിരഞ്ഞോരീ ഇന്ത്യ.
ഹിന്ദു മുസല്‍മാന്‍ പാഴ്സിയും ബുദ്ധനും
ക്രിസ്തുവും ജൈനനും പിന്നെയുമോരായിരം
എണ്ണിയാല്‍ തീരാ കറുപ്പിന്‍ മതങ്ങളെ
എന്നി നാം തീര്‍ക്കാതോരിന്ത്യ.

നന്‍മുലക്കുഞ്ഞിന്നു സ്തന്യം പകരുന്ന
അമ്മപോലും രതിചിത്രചിഹ്നമാവുന്നോരീ ഇന്ത്യ
സ്വന്തം കുരുന്നിന്‍ ശവം ചുട്ടുതിന്നുന്നോരമ്മ തന്‍
കണ്ണിന്റെ ചോരയുടെ ഉപ്പുള്ള ഇന്ത്യ.

അമ്മേ ഇതു നിന്റെ മുഖപടം,
അഴിക്കായ്ക,
ഓര്‍ക്കാന്‍ മറക്കായ്ക ഇതു നിന്റെ നേര്‍പടം (august 2004)

31 comments:

മുരളിക... said...

നന്‍മുലക്കുഞ്ഞിന്നു സ്തന്യം പകരുന്ന
അമ്മപോലും രതിചിത്രചിഹ്നമാവുന്നോരീ ഇന്ത്യ
സ്വന്തം കുരുന്നിന്‍ ശവം ചുട്ടുതിന്നുന്നോരമ്മ തന്‍
കണ്ണിന്റെ ചോരയുടെ ഉപ്പുള്ള ഇന്ത്യ.
തോക്കിന്‍ കുഴലിനു മുന്നില്‍ കുനിഞ്ഞു പോയ ശിരസുകള്‍ തോക്കിന് മുന്നില്‍ ഉയര്‍ന്നത് കണ്ട സന്തോഷത്തില്‍...
''സ്വാതന്ത്രദിനമല്ലേ? ഒന്നു കൂടണ്ടേ?
മുരളീരവത്തില്‍ പുതിയ കവിത. ''ഫ, ഫാരതം എന്നെഴുതുന്ന ഫ''

എല്ലാ സഹോദരീ സഹോദരന്‍മാര്‍ക്കും സ്വാതന്ത്രദിനാശംസകള്‍......

ശ്രീ said...

മുരളീ...

ഇതു തന്നെ ഇന്നത്തെ നമ്മുടെ ഭാരതത്തിന്റെ നേര്‍ക്കാഴ്ച.

എങ്കിലും ഇരിയ്ക്കട്ടേ സ്വാതന്ത്ര്യ ദിനാശംസകള്‍ ഏവര്‍ക്കും...

G.manu said...

ഫാ..........രതം.
കസറി ചെക്കാ..

(നേര്‍പടം വേണ്ടാരുന്നു.. മ.സു. സാറിനെ ചൂണ്ടി എന്ന് പരാതി വന്നേക്കാം

ഒരു സ്വര്‍ണ്ണത്തിളക്കത്തില്‍ മുക്തിദിനാശംസകള്‍

ദേവ said...

മുരളി ഉഷാറാക്കീണ്ടല്ലോ...

"എതിര്‍കക്ഷി തുമ്മിയാല്‍ ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയപാര്‍ട്ടിതന്‍ ഇന്ത്യ..."

ഇതുംകൂടി വേണ്ടില്ലായിരുന്നോ...?

എന്തായാലും സ്വാതന്ത്ര്യം ആസ്വദിക്കാതെ വയ്യല്ലൊ...

മുരളിക... said...

എനിക്കും അത് തോന്നിയിരുന്നു മനുവേട്ടാ,,,
പക്ഷെ വാക്കുകള്‍ക്ക് പേറ്റന്റ് കൊടുക്കാന്‍ മനസ് വന്നില്ല എന്നേയുള്ളു.
സാംഗത്യം ഇല്ലാത്ത പരാതികള്‍ക്ക് ചെവി കൊടുക്കണോ മാഷേ??

Areekkodan | അരീക്കോടന്‍ said...

സ്വാതന്ത്ര്യ ദിനാശംസകള്‍

Jasmine said...

Excellent Murali... I like it...

Ranjith CS StPX

NishkalankanOnline said...

കമന്‍റിടണമെന്ന് ആഗ്രഹമുണ്ട്...പക്ഷേ തീക്ഷ്ണമായ ഈ വരികള്‍ക്ക് അടിക്കുറിപ്പെഴുതുവാന്‍ കഴിയുന്നില്ല സുഹൃത്തേ... അത്രകണ്ട് ഊര്‍ജ്ജ്ജമുള്ള വരികള്‍... വീണ്ടും വരാം...

ആശംസകളോടെ

ജയകൃഷ്ണന്‍ കാവാലം

ദ്രൗപദി |Draupadi said...

മനോഹരം മുരളീ...
പേര്‌ കേട്ടപ്പോള്‍ ഒന്ന്‌ ഞെട്ടിയെന്ന്‌
പറയാതെ വയ്യ...

ജയകൃഷ്ണന്‍ കാവാലം said...

മുപ്പത്തി മുക്കോടിയില്‍ പരം ദേവതകള്‍
അഭയം തിരയുന്ന ഇന്‍ഡ്യ...

വ്യവസ്ഥിതിയുടെ നേരേ ഇങ്ങനെ അഗ്നിവര്‍ഷം ചൊരിയുവാന്‍ പോന്ന ഊര്‍ജ്ജവും, ശക്തിയും പലരിലുമുണ്ടായിട്ടും നോക്കുകുത്തികളേപ്പോലെ നോക്കിയിരിക്കുകയാണു നമ്മള്‍. താങ്കളുടെ ഈ വരികള്‍ കേള്‍ക്കേണ്ട കാതുകളിലെത്തില്ല, കാണേണ്ട കണ്ണുകള്‍ തുറപ്പിക്കുകയുമില്ല സുഹൃത്തേ... അതു നമ്മുടെ നാടിന്‍റെ അധഃപ്പതനം മാത്രമാണെന്ന ദുഃഃഖസത്യം ഒരിക്കല്‍ക്കൂടി ഈ സ്വാതന്ത്ര്യ ദിനത്തില്‍ പൊടി തട്ടിയെടുക്കാം. നിയന്ത്രിക്കേണ്ടവരും, നിയന്ത്രിക്കപ്പെടേണ്ടവരും ഒന്നു പോലെ അഴിഞ്ഞാടുന്ന നമ്മുടെ നാട്ടില്‍ ഏതര്‍ത്ഥത്തിലാണ് സ്വാന്ത്ര്യ ദിനം ആഘോഷിക്കുന്നത്‌? എവിടെയാണ്, ആര്‍ക്കാണ് സ്വാതന്ത്ര്യമുള്ളത്‌? എന്തിന് കൊച്ചു കുഞ്ഞുങ്ങള്‍ക്ക് ഒരു പുസ്തകം പഠിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാഅത്ത നാടാണ് നമ്മുടേത്‌. സ്വന്തം അക്ഷരങ്ങള്‍ക്ക് സ്വാതന്ത്ര്യം ആഗ്രഹിച്ച തസ്ലീമ നസ്രീന്‍റെ സ്വാതന്ത്രമെവിടെ?, കേറിക്കിടക്കാന്‍ ഒരു കുടില്‍ മാത്രം മോഹിച്ച ആദിവാസികളുടെ സ്വാതന്ത്ര്യമെവിടെ?. പ്രകൃതി കനിഞ്ഞു നല്‍കിയ വനഭൂമികളില്‍ യഥേഷ്ടം വിഹരിക്കുവാന്‍ മോഹിക്കുന്ന വാന്യ മൃഗങ്ങള്‍ക്കുണ്ടോ സ്വാതന്ത്ര്യം? ഈശ്വരപൂജ ചെയ്യുവാന്‍ സ്വാതന്ത്ര്യമുണ്ടോ? നീരീശ്വരവാദിയായിരിക്കാന്‍ സ്വാതന്ത്ര്യമുണ്ടോ? സ്ത്രീകള്‍ക്ക് ഏതെങ്കിലും സമയത്ത് പേടിക്കാതെ റോഡില്‍ നടക്കാന്‍ സ്വാതന്ത്ര്യമുണ്ടോ? ഇല്ല.ഒന്നിനും നമുക്കു സ്വാതന്ത്ര്യമില്ല.ഇന്‍ഡ്യ സ്വതന്ത്രയല്ല. ഞാനും താങ്കളും സ്വതന്ത്രരല്ല... എങ്കിലും നമുക്കാഘോഷിക്കാം ഉള്ളില്‍ ഒരുപിടി നീറുന്ന യാഥാര്‍ഥ്യങ്ങളും പേറി ഒരു സ്വാതന്ത്ര്യ ദിനം കൂടി... ലോകം ‘വിശ്വസിക്കട്ടെ’ നമ്മള്‍ സ്വതന്ത്രരാണെന്ന്‌.

പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം... മറക്കാം ഈ വരികള്‍ നമുക്ക്. പൊറുക്കട്ടെ കവിയും.


ജയകൃഷ്ണന്‍ കാവാലം

lakshmy said...

മനസ്സിന്റെ നന്മ,നൈർമ്മല്യങ്ങളിൽ നിന്നും ശരീരത്തെ സ്വതന്ത്രമാക്കിയ പുതുഭാരതത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കാം.
വരികൾനന്നായിരിക്കുന്നു

കാപ്പിലാന്‍ said...

നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് മഹാകവി കാപ്പിലാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ വരികള്‍ വീണ്ടും ഇവിടെ പൂശട്ടെ .എനിക്ക് പറയുവാന്‍ ഉള്ളതെല്ലാം ഇവിടെ ഉണ്ട് :)


ഗാന്ധിജിയെ എനിക്ക് വെറുപ്പാണ്‌ .
ലിങ്കനെയും,മാര്‍ട്ടിന്‍ ലുതരിനെയും
ഞാന്‍ വെറുക്കുന്നു .
എന്തിനവര്‍ നമുക്ക് സ്വാതന്ത്ര്യം
നേടിത്തന്നു ചരിത്രത്തില്‍ മറഞ്ഞു .

സ്വാതന്ത്ര്യം .
ഫൂ ... മണ്ണാങ്കട്ട.
സ്വാതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം .
നമുക്കിങ്ങനെ തിരുത്തി പാടാം

എന്താണീ പേര് കേട്ട സ്വാതന്ത്ര്യം ?
അമ്മ പെങ്ങന്മാരെ തെരുവില്‍
ബലാത്സംഗം ചെയ്യുന്നതോ ?
തെരുവ് ചോരക്കളം ആക്കുന്നതോ ?
ആരെയും പരസ്യമായി തെറി പറയുന്നതോ ?
ആരെയും തല്ലാന്‍ കൊട്ടേഷന്‍ എടുക്കുന്നതോ ?
ഗുണ്ടാ സംസ്കാരത്തെ വളര്‍ത്തുന്നതോ ?

ഒരു അമേരിക്കന്‍ എന്നോട് ചോദിച്ചു ,
ഒരു തോക്കില്ലാതെ നിങ്ങള്‍ക്ക് എങ്ങനെ
കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയും ?
ഞാന്‍ പറഞ്ഞു ഞങ്ങള്‍ക്കു തോക്കില്ലാതെയും
ജീവിക്കാം ഇന്നുവരെ ..
ഒരു പക്ഷേ നാളെ ?
അതൊരു വല്ലാത്ത ചോദ്യം തന്നെ .
ഉത്തരം മുട്ടുന്ന ചോദ്യം
കടലിലും കാട്ടിലും സ്വാതന്ത്ര്യം ഉണ്ടല്ലോ ?
ചെറിയ മല്‍സ്യ മൃഗാതികള്‍ വലിയവര്‍ക്ക്
ഇരയാകുക .

ചുരുക്കത്തില്‍
കയ്യുക്കുള്ളവന്‍ കാര്യക്കാരന്‍ .
ഇതാണ് സ്വാതന്ത്ര്യം എങ്കില്‍
എനിക്കത് അറപ്പാണ്.

മാണിക്യം said...

മഹത്തായ ഒരു സംസ്കാരപാരമ്പര്യം
അതാണ് നമ്മുടെ ഇന്ത്യ
ഭഗവാന്‍ രാവും പകലും കുന്നും കുഴിയും കരയും വെള്ളവും സൃഷ്ടിച്ചപ്പോള്‍ തന്നെ നല്ലതും ചീത്തയും ആ കൂടെയുണ്ടായി..അതീ ഭൂമിയില്‍ മാത്രം ഒതുങ്ങിയില്ല ദേവന്മാരും അസുരന്മാരും!!
എന്നിട്ടും വന്നില്ലേ സാധ്വികരായ അനേകര്‍
ഇന്നും നന്മയുടെ സ്പുല്ലിംഗം ഉയരുന്നില്ലേ

വലിയ വിത്യാസം ഒന്നും വന്നിട്ടില്ലാ എന്നും ഇവിടെ ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു, പണ്ട് ഒരു വീട്ടിലെ കാര്യം അവിടത്തെ ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്നു. ഒരു ഗ്രാമത്തിലെ കഥ അവിടെ തങ്ങി,
രാജ്യത്തെ കഥ അവിടെ നിന്നു.. പാപ്പരാസിയില്ലാതിരുന്നകാലം
രഹസ്യങ്ങള്‍ രഹസ്യങ്ങളായിരുന്നു ..
നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധമെന്നു പറഞ്ഞാശ്വസിക്കാമായിരുന്നു
ഇന്ന് "World is Flat / its a small world!"
എല്ലാം എല്ലാവരും അറിയുന്നു മറയും ചിറയും ഇല്ലാതെ.. അതു കൊണ്ട് ഇന്നത്തെ ജനം ആണ് മോശം ഇന്ത്യയാണ് മോശം എന്നു പറയാന്‍ പറ്റില്ല മറ്റു നാടുകളില്‍ പോയി കണ്ടു ജീവിച്ചു വരുമ്പോള്‍ മത്രമെ അറിയൂ നമ്മുടെ സ്വാതന്ത്ര്യം ..
അതു പലപ്പോഴും ദഃസ്വാതന്ത്ര്യം ആവാറുണ്ട്

ജയകൃഷ്ണന്‍ പറഞ്ഞതാണതിന്റെ ശരി:,
വ്യവസ്ഥിതിയുടെ നേരേ ഇങ്ങനെ അഗ്നിവര്‍ഷം ചൊരിയുവാന്‍ പോന്ന ഊര്‍ജ്ജവും, ശക്തിയും പലരിലുമുണ്ടായിട്ടും നോക്കുകുത്തികളേപ്പോലെ നോക്കിയിരിക്കുകയാണു നമ്മള്‍.....

vedavyaas said...

നന്‍മുലക്കുഞ്ഞിന്നു സ്തന്യം പകരുന്ന
അമ്മപോലും രതിചിത്രചിഹ്നമാവുന്നോരീ ഇന്ത്യ

മുരളികാ... നമിച്ചു. ആയിരം വാക്കുകളുടെ ഊര്‍ജം. സത്യമാണ്.. നമ്മുടെ നാടിന്‍റെ രൂപം ഇതു തന്നെ. ഇനിയും എഴുതുക.. നന്മ ഉണ്ടാകട്ടെ,, ആശംസകള്‍, സ്വന്തം വ്യാസ്.

സുല്‍ |Sul said...

ഈ മുരളികയില്‍ നിന്ന് ഇത്രയും തീക്ഷ്ണമായതൊന്ന് പ്രതീക്ഷിച്ചല്ല ഇവിടെ വന്നത്. വായിച്ചപ്പോള്‍ അറിയാതെ പറഞ്ഞു പോയി ‘ഗംഭീരം’. ഈ ഗംഭീരം എന്നു പറഞ്ഞ് കാലിനിടയില്‍ കൈ തിരുകിയിരിക്കാനേ ഇപ്പോഴും നമ്മുക്കു കഴിയുന്നുള്ളു എന്നതാണ് അതിലും ഗംഫീരം.

-സുല്‍

sangeetha said...

''നന്‍മുലക്കുഞ്ഞിന്നു സ്തന്യം പകരുന്ന
അമ്മപോലും രതിചിത്രചിഹ്നമാവുന്നോരീ ഇന്ത്യ
സ്വന്തം കുരുന്നിന്‍ ശവം ചുട്ടുതിന്നുന്നോരമ്മ തന്‍
കണ്ണിന്റെ ചോരയുടെ ഉപ്പുള്ള ഇന്ത്യ.''

തകര്‍ത്തൂ കൃഷ്ണാ, പ്രതീക്ഷകള്‍ക്ക് മുകളിലേക്ക് ഉയര്‍ന്നു നീ...

പ്രയാസി said...

ഫയങ്കരം മച്ചൂ..കിടിലോള്‍ക്കിടിലം..:)

അന്യന്‍ said...

"നന്‍മുലക്കുഞ്ഞിന്നു സ്തന്യം പകരുന്ന
അമ്മപോലും രതിചിത്രചിഹ്നമാവുന്നോരീ ഇന്ത്യ
സ്വന്തം കുരുന്നിന്‍ ശവം ചുട്ടുതിന്നുന്നോരമ്മ തന്‍
കണ്ണിന്റെ ചോരയുടെ ഉപ്പുള്ള ഇന്ത്യ."

ഞാന്‍ ഈ വരികള്‍
ക്വാട്ട്‌ ചെയ്ത്‌ കമന്റണമെന്ന്‌
കരുതിയതാണ്‌..
ഏതോ ഒരാള്‍
അതേ വരി തന്നെ എനിക്ക്‌
മുമ്പ്‌ എടുത്തുപറഞ്ഞു..

മുരളീ നീയറിയുന്ന ഇന്ത്യയല്ല എന്റെ ഇന്ത്യ
പട്ടിണിപ്പാവങ്ങളുടെ ഇന്ത്യ
മക്കളുടെ വിശപ്പകറ്റാന്‍ സ്വന്തം
ശരീരം പോലും വില്‍ക്കുന്ന
അമ്മമാരുടെ ഇന്ത്യ...
നീ പണ്ട്‌ തള്ളിപ്പറഞ്ഞില്ലെ
ഈ അന്യനെപ്പോലുള്ള
പാവങ്ങളുടെ ഇന്ത്യ.....

എന്നൊക്കെ നിന്നോട്‌ പറയുണമെന്നുണ്ട്‌...
പക്ഷെ.......
അതൊന്നും സത്യമല്ലെന്നറിഞ്ഞുകൊണ്ട്‌..
തന്നെ അത്തരമൊരു സാഹസത്തിന്‌
മുതിര്‍ന്നാല്‍ പിന്നെ ഞാനും നീയും
തമ്മിലെന്താണ്‌ വ്യത്യാസം..അല്ലേ..?? :)
‌ആശംസകള്‍....ഡിയര്‍

പാത്തക്കന്‍ said...

assalayirikkunnu..

Anonymous said...

നല്ല വര‌ികള്‍.. ഈ ഊര്‍ജം കത്ത് സൂക്ഷിക്കൂ... സ്നേഹപൂര്‍വം ശ്രീ.

ഗീതാഗീതികള്‍ said...

അതിതീക്ഷ്ണമായ ഈ വരികള്‍.... കേള്‍ക്കേണ്ടവര്‍ ഇതു കേട്ടെങ്കില്‍....
മുരളിക, വളരെ നന്നായിട്ടുണ്ട്.

resh said...

ഇതു മികച്ചത് കൃഷ്ണാ, നിന്റെ പ്രസരിപ്പ് തിരിച്ചു വന്ന പോലെ.. :)

ഒരു സ്നേഹിതന്‍ said...

കോയിസ് മുരളിക... കോയീസ്..
മിയാ മിയാ‍.....

വളരെ നന്നായിരിക്കുന്നുന്ന്..

nandakishor said...
This comment has been removed by the author.
Kichu $ Chinnu | കിച്ചു $ ചിന്നു said...

ഫ ഫാരതം
നന്നായി....

Retheesh said...

നന്നായിട്ടുണ്ട് മുരളീ..ആശംസകള്‍

രണ്‍ജിത് ചെമ്മാട്. said...

ജോലിത്തിരക്കിലായതിനാല്‍
ഇവിടെവരെയെത്താനോ, വായിക്കാനോ
കഴിഞ്ഞിരുന്നില്ല.
ഇപ്പോഴാണ്‌ കണ്ടത്....
എന്താ പറയാ....
അല്ല എന്ത് പറയാനാ...
മോളിലുള്ളോര് പറഞ്ഞത് തന്നെ...

നരിക്കുന്നൻ said...

ഇവിടെയെത്താൻ വൈകിപ്പോയി.

അങ്ങനെയൊക്കെ ആയിരുന്നു ഇന്ത്യ. അത് കൊണ്ടാകാം ഇന്ത്യ ഇങ്ങനെയൊക്കെ ഇപ്പോഴും തുടർന്ന് പോകുന്നത്.

നല്ല കവിത.

സ്‌പന്ദനം said...

പത്രത്താളുകളില്‍ വായനക്കാരന്‍ ദിനംപ്രതി തിരയുന്നതും ഇത്തരം വാര്‍ത്തകള്‍ തന്നെ. സുഹൃത്തേ ലോകം വല്ലാതെ മാറി. എങ്കിലും ആകുലതകള്‍ നമുക്ക്‌ പങ്കുവച്ചുകൊണ്ടേയിരിക്കാം.

സുഭദ്ര said...

നമ്മള്‍ “വികസിക്കുക’യല്ലേ മാഷേ ?
നമ്മള്‍ക്കൊപ്പം “വികസിക്കുന്ന” സംസ്കാരം,സാഹിത്യം,വീക്ഷണങള്‍,
‘സത്യം‘ എന്ന വലിയ നുണ.
ഓര്‍ക്കാന്‍ കൊള്ളാവുന്ന ഒന്നു മാത്രം.അത്,ഇതാണ് എന്റെ പുതിയ ഇന്ത്യ എന്ന് തിരിചറിയുകയും അല്പം നേരും നെറിയും മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ ചെറുപ്പം.നിങളെപ്പൊലുള്ളവരാണ് ആകെയുള്ള വെളിച്ചം.അത് കാത്തുവക്കാന്‍ കഴിയട്ടെ..

aham said...

വീര വിവേകും ഗാന്ധി മഹാത്മാവും
സ്വപ്‌നങ്ങള്‍ കണ്ടൊരീ ഇന്ത്യ.
സമാരാജ്യ ജീവിതം സാക്ഷാത്കരിക്കുവാന്‍
അന്നേ പുലര്‍ന്നോരീ ഇന്ത്യ, അവര്‍
നന്നേ അലഞ്ഞോരീ ഇന്ത്യ.

ഗഡീ... അത്‌ കിടു