28.4.08

പറയരുതാത്തത്‌....

പണ്ട്‌
പണ്ട്‌ പഞ്ചമിയെന്നൊരു പറയിക്ക്‌
ചില ക്രൂരസത്യങ്ങള്‍
പറഞ്ഞു കരയാനുണ്ടായിരുന്നു.
ഒഴിവാക്കപ്പെടലിന്റെ, ശ്രമിക്കലുകളുടെ
വേദനകള്‍.
അതിനുമെത്രയോ മുമ്പ്‌
ഒരു വരരുചി ബ്രാഹമണന്‌
സ്വന്തം ഭാഗം ന്യായീകരിക്കാനുണ്ടായിരുന്നു.
പക്ഷേ
വിധി അവളിലൂടെ
വിജയക്കൊടി പാറ്റിയപ്പോള്‍
പന്തിരുകുലമെന്ന്‌ ഓമനപ്പേരിട്ട്‌
പാന്ഥര്‍ക്കു വിട്ടുനല്‍കി
അയാള്‍ നടന്നു.
ചരിത്രത്തോളം കാലപ്പഴക്കം പറയുന്ന
മാതൃത്വത്തിന്റെ നിസഹായതയും പേറി
അവളും.
****
പണം ആളെക്കൊല്ലിയെന്നു പാക്കനാര്‍
പാടിയത്‌ അസൂയ കൊണ്ടാവില്ല.
മലകള്‍ ചില കല്ലുകള്‍ക്ക്‌
താഴേക്കടുക്കി
നിമിത്തങ്ങള്‍ കുറിച്ചുപുലമ്പി
നാരായണന്‍ എന്നൊരു ഭ്രാന്തന്‍.
ഉറ്റവരൊക്കെയും മറ്റവരായിട്ടും
കര്‍മബന്ധം ജന്മബന്ധത്തോടുടക്കിയവര്‍.
അവര്‍
സംസ്കൃതിയുടെ അടിത്തറ
സ്പോണ്‍സര്‍ ചെയ്തവര്‍.
****
കാലചക്രം കറങ്ങിത്തിരിഞ്ഞ്‌
ചരിത്രം ഇരുപത്‌ നൂറ്റാണ്ടുകള്‍
വായിച്ചു തീര്‍ക്കുമ്പോള്‍
അതിലൊരാള്‍ ഇന്നിന്റെ പ്രതിനിധി.
അധാര്‍മിക ജഠര സാമൂഹികങ്ങള്‍ക്കെതിരെ
കൊടുവാളുയര്‍ത്തിയ പന്തിരുകുലത്തിന്റെ
കൊടിയിലത്തെ കണ്ണി.
ഇന്നിന്റെ നായകന്‍ വായില്ലാക്കുന്നിലപ്പന്‍,
ഇന്നെന്റെ നാടിന്റെ സ്വത്വം.
പരിഭവിക്കാനുള്ള ഭാഷയറിയാത്ത
വായില്ലാക്കുന്നിലപ്പന്മാര്‍ ഇന്നിന്റെ അനിവാര്യത.
ഉത്തരാധുനികമെന്ന ഓമനപ്പേരില്‍ മുങ്ങി,
ശ്വാസം വിലങ്ങി, വിങ്ങി
സ്വപ്നങ്ങള്‍ പ്രജ്ഞയെ കാര്‍ന്നുതിന്നാളുന്ന,
മീന്‍ തിന്നുതീര്‍ക്കും ശവങ്ങളായി മാറുന്ന
മലയാളിയുടെ ധര്‍മ്മം.
അധിനിവേശങ്ങള്‍ക്കു മാപ്പുസാക്ഷികളാവുന്ന
നമ്മുടെ തന്നെ ധര്‍മ്മം.
അതല്ലാതെനിക്കാരുണ്ട്‌ ഒരു റോള്‍ മോഡല്‍?? (june 2004)

24 comments:

Unknown said...

....ശ്വാസം വിലങ്ങി, വിങ്ങി
സ്വപ്നങ്ങള്‍ പ്രജ്ഞയെ കാര്‍ന്നുതിന്നാളുന്ന,
മീന്‍ തിന്നുതീര്‍ക്കും ശവങ്ങളായി മാറുന്ന....

ഇല്ല, എസ്‌ എം എസുകള്‍ ശരി തെറ്റുകള്‍ വ്യാഖ്യാനിക്കുന്ന കാലത്ത്‌ മറ്റൊന്നുമെനിക്ക്‌ പറയുവാനില്ല...
കണ്ണു ചിമ്മുക, നാവിനു 'മൂക്കു'കയറിടുക.. എന്നിട്ട്‌ ജീവിക്കുക.... ജീവിച്ചു കാണിച്ചു കൊടുക്കുക.....
കണ്ടു പഠിക്കട്ടെ വരും തലമുറകള്‍.

G.MANU said...

അധാര്‍മിക ജഠര സാമൂഹികങ്ങള്‍ക്കെതിരെ
കൊടുവാളുയര്‍ത്തിയ പന്തിരുകുലത്തിന്റെ
കൊടിയിലത്തെ കണ്ണി


തീക്ഷ്ണം. ഈ കവിത.

Ranjith chemmad / ചെമ്മാടൻ said...

കവിത നന്നായിട്ടുണ്ട്..
നമുക്കിനിയും നാറാണത്ത് ഭ്രാന്തന്മാരയി
മാനുഷികതയുടെ കല്ലുരുട്ടി മോളിലോട്ട് കേറ്റിക്കൊണ്ടായിരിക്കാം

സംഗീത said...

kishna ne pinneyum ambarappikkunnu...
entha engane???
ishttayi tto... :)

nandakishor said...

വെറുതെയായില്ല മുരളീ...
നല്ല വിഷയം, വാക്കുകള്‍ ... നിന്നെ അടുത്തറിയുന്നവര്‍ക്ക്‌ മാത്രം അറിയുന്ന തീക്ഷ്ണത... മനു പറഞ്ഞത്‌ കൃത്യം, അഭിനന്ദനങ്ങള്‍.

Anonymous said...

ഗൃഹാതുരതയില്‍ ചാലിച്ചെഴുതിയ ചരിത്രം അസ്സലായി മുരളീ. കമന്റും ഏറെ നന്നായി, ഒരു കവിതയ്ക്കുള്ള വിഷയം അതിലുണ്ട്‌ കേട്ടോ....

Anonymous said...

അധിനിവേശങ്ങള്‍ക്കു മാപ്പുസാക്ഷികളാവുന്ന
നമ്മുടെ തന്നെ ധര്‍മ്മം.
അങ്ങിനെ ഒരു ധര്‍മ്മം ??
ചരിത്രത്തോളം കാലപ്പഴക്കം പറയുന്ന
മാതൃത്വത്തിന്റെ നിസഹായതയും പേറി
അവളും..............


നന്നായിരിക്കുന്നു...എന്നാലും ഒരൂ കഥ പോലെയാണു എനിക്കൂ ഫീല്‍ ചെയ്തത്........
എനിക്ക് മാത്രം ..........
പഴയ കഥയെ കൂട്ടു പിടിച്ചതു കൊണ്ടാകും....

ഇനിയും എനിക്ക് നല്‍കുക വാക്കുകള്‍..........

Sa said...

പറയരുതാത്തത്‌ നീ പറഞ്ഞല്ലെ കവീ...നല്ലത്‌.

Anonymous said...

നല്ലതാണോ? ആദ്യമോന്നും മനസിലായില്ല, ഇപ്പോ പണ്ടു കേട്ട ;ചില കഥകള്‍ ഓര്‍മ വന്നു... നന്നായിട്ടോ... പഴങ്കഥകള്‍ പറയാനും വേണ്ടേ ആരെങ്കിലും....

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

എന്തൂട്ട്ണാ..കന്നാലീ...ഇത്‌....
നിനക്കെങ്ങിനെ ഇത്‌
എഴുതാന്‍ കഴിഞ്ഞു..
പുറമെ നിന്നു നോക്കുന്നവര്‍ക്ക്‌ നല്ലൊരു കവിത....

എന്നാല്‍ അടുത്തറിയുന്നവര്‍ക്ക്‌ - ഉള്ളില്‍ പുകയുന്ന അമര്‍ഷത്തിന്റെ അഗ്നിയില്‍ നിന്നുമുയര്‍ന്ന പ്രതിഷേധം....
അതും നിന്റെ ഒരു സുഹൃത്തിനോട്‌....

കഥയും കഥാപാത്രങ്ങളും അവരുടെ പേരുകളും വരെ ജീവിതത്തോട്‌ സാമ്യം....തീര്‍ച്ചയായും ഇത്‌ 'അവനെ'സന്തോഷിപ്പിച്ചിരിക്കാം...എന്നാല്‍ ഈ കവിത ഒരിക്കലും 'അവള്‍' കാണാതെ... ശ്രദ്ധിക്കുക...എന്തെന്നാല്‍ പിന്നെ നീയുമായുള്ള ആ സൗഹൃദത്തിന്‌ ഒരുപക്ഷേ..തിരശ്ശീല വീണേയ്ക്കാം...

അതുകൊണ്ടൊന്നും നിനക്കൊരു ചുക്കുമില്ലെന്ന്‌ എനിക്കറിയാം...എന്നാലും വേണ്ടായിരുന്നു.....

ഗിരീഷ്‌ എ എസ്‌ said...

മുരളീ...
പഞ്ചമിയെന്ന പറയിയുടെ ആദ്യഭാഗം
കൂടുതല്‍ ഇഷ്ടമായി...

എവിടെയോ
എന്തൊക്കെയൊ പ്രശ്നങ്ങള്‍....
കവിതയിലല്ല...
ജീവിതത്തിന്റെ വറുതിയില്‍....
ജീവിതത്തെ ധന്യമാക്കാന്‍
നല്ലൊരു രൂപവും പേരും
മതിയായിരുന്നെങ്കില്‍...
മൗനം
എന്നേ പടിയിറങ്ങിയേനേ....
ചതിയുടെ
കൊഴുത്ത ഇരുട്ടില്‍
ഓര്‍മ്മകള്‍ പണയം വെക്കാന്‍
തത്രപ്പെടുന്ന
ഒരു കൂട്ടുകാരി എനിക്കുമുള്ളത്‌ കൊണ്ടാവാം
ആവലാതി...

എഴുത്ത്‌ തുടരുക....

Anonymous said...

....ശ്വാസം വിലങ്ങി, വിങ്ങി
സ്വപ്നങ്ങള്‍ പ്രജ്ഞയെ കാര്‍ന്നുതിന്നാളുന്ന,
മീന്‍ തിന്നുതീര്‍ക്കും ശവങ്ങളായി മാറുന്ന....
................... :)

തോന്ന്യാസി said...

മാഷേ നന്നായിരിയ്ക്കുനു എന്നു പറഞ്ഞാല്‍ കുറഞ്ഞു പോകും......പിന്നെ എന്തു പറയണം എന്നെനിക്കറിയില്ല........

സിരകള്‍ക്കു തീ പിടിക്കുമ്പോള്‍ അവ വാക്കുകളായി പുറത്തു വരുന്നു........

ഏറനാടന്‍ said...

മുരളിക സോദരാ, കവിത എത്രവായിച്ചാലും പണ്ടുമുതല്‍ക്കേ ഞാനുമായ് വടം വലിയാണ്. അര്‍ത്ഥം പിടികിട്ടാറില്ല. എന്നാലും ഇനിയും വരാം എന്ന് ഉറപ്പില്ലാഉറപ്പോടെ... :)

Anonymous said...

ആശയത്തിന്റെ സൗന്ദര്യം വാക്കുകള്‍ക്കില്ലാതെ പോയല്ലോ മുരളിക.....

Anonymous said...

weldone murali, really did a gud job here... keep it up.

ബാര്‍ബര്‍ ബാലന്‍ said...

വ്യത്യസ്തമായ വിഷയം, അതെനിക്കിഷഷ്ടായി...

ബാര്‍ബര്‍ ബാലന്‍ said...

എല്ലാര്‍ക്കും വ്യത്യസ്തനായ ബാലന്റെ സ്നേഹാശംസകള്‍....
അപ്പോ ശരി കാര്യങ്ങളു നടക്കട്ടെ... :)

Anonymous said...

valare nannayittundu..
ithu eppol ezhuthiyathanu..
"innalaththe mazhayil" aano..?

Mr. X said...

ആ വായില്ലാത്ത കഥാപാത്രം തന്നെ ഇന്ന് നമ്മളുടെ റോള്‍ മോഡല്‍.
എന്തുണ്ട് സംശയം?

resh said...

കൃഷ്ണാ പ്രതീക്ഷകള്‍ അവസാനിച്ചത് പോലെയാണല്ലോ നിന്റെ വരികള്‍ ....
എന്താ ഇങ്ങനെ ?? ലോകത്ത് എല്ലാരും ഇങ്ങനൊക്കെ തന്നെയല്ലേ ജീവിക്കുന്നെ?
എന്താ നിനക്കു മാത്രം? എനിക്ക് മനസിലാവുന്നില്ല .... :(

Anonymous said...

കവിത പാടിയ രീതിയില്‍ പുതുമയുണ്ട്.. പറഞ്ഞ വിഷയത്തിലും.. നന്മകള്‍ നേരുന്നു.

Unknown said...

മഷേ നിങ്ങടെ പോസ്റ്റുകളെല്ലം ഞാന്‍ വായിക്കറുണ്ട്. നേരത്തെ തന്നെ അതു വായിച്ചിട്ടുണ്ട്. പിന്നെ നിങ്ങളു കരുതുന്ന പോലെ അന്നു ഞാന്‍ ആ ലിങ്ക് ഇട്ടത് മറ്റൊരു ഉദ്ദേശത്തോടെയായിരുന്നുമില്ല. അഗ്രഗേറ്റര്‍ പണിമുടക്കിയപ്പൊ ഞാന്‍ ഓര്‍ക്കൂട്ടിനെ ആശ്രയിച്ചെന്നുമാത്രം. പിന്നെ ആ കവിതയില്‍ അജയ് പറഞ്ഞമാതിരി മറ്റൊന്നു കാണാന്‍ എനിക്ക് പറ്റിയിട്ടില്ല. അന്നും; ഇന്നും. അത്തരം താരതമ്മ്യങ്ങളിലൊന്നും എനിക്ക് താല്‍പ്പര്യമില്ല. ഇനി അധവാ അങ്ങിനെയാണെങ്കില്‍ പോലും എനിക്ക് പരാതിയില്ലെ മാഷെ.. :) പിന്നെ; നല്ല കവിതകളാ മഷേ നിങ്ങടേത്. ഉത്തരാധുനികത എന്ന പേരില്‍ മനുഷ്യനു മനസിലാകാത്ത കുത്തിക്കുറിക്കലുകള്‍ നടത്തുന്ന കവിത്വം സ്വയം അണിഞ്ഞ് നടക്കുന്നവരുടെ കൂട്ടത്തിലല്ല നിങ്ങള്‍ക്ക് സ്ഥാനം. കാരണം നിങ്ങ്ലുടേ വരികള്‍ക്ക് കരുത്തുണ്ട്. അതിന് അര്‍ത്ഥമുണ്ട്. തുടരുക ഇനിയും. ആശംസകള്‍.. ഇനിയും വരാം താങ്കളുടേ ബ്ലോഗില്‍. വല്ലപ്പോഴും അഗ്രഗേറ്റര്‍ പണിമുടക്കുമ്പോ ഇത്തവണത്തേതു മാതിരി ഇനിയും ലിങ്ക് തരാം. വരിക വായിക്കുക. :)

Anonymous said...

kanna kalakalakki