13.11.09

സ്നേഹത്തിനമൃത്

ഇനിയെത്ര ദൂരം നടക്കണം ജീവിത-
മറുകരയെത്തുവാന്‍ നാം
ഇനിയെത്ര കര്‍മം നടത്തണം മാനുഷ-
ദുരിതങ്ങള്‍ തീര്‍ന്നീടുവാന്‍

ഇനിയെത്ര വൃത്താന്തസംഹിത തേടണം
ഒരു ബിന്ദു കാണുവാന്‍ നാം
ഇനിയെത്ര കാലം തപസ്സുചെയ്തീടണം
ഉണര്‍വിന്നൊളീ തേടി നാം

ഇനിയെത്ര ദൈവത്തെ പ്രീതിപ്പെടുത്തണം
നിറവിന്നിടമെത്തുവാന്‍
ഇനിയെത്ര മന്ത്രമുരയ്ക്കണം നിത്യവും
ഒരു പുലര്‍വേളയെത്താന്‍

ഇനിയെത്ര കാലം മറഞ്ഞു കിടന്നാലും
വര്‍ണം മറക്കുമൊ നാം
ഒരു ഋഷിവര്യന്റെ ശ്രേഷ്ഠതപോവന-
മാക്കുക ചിന്തകള്‍ നാം
ഒരുപിടി ജീവിത പൂക്കളില്‍ സ്നേഹ-
ത്തിനമൃതു നിറയ്ക്കുക നാം (July 2004)