24.10.09

വാക്കെനിക്കമ്മ...

നിഴല്‍
നിഴലിനെ പുണരുന്നു,
പറഞ്ഞ വാക്ക്‌ പോല്‍
അര്‍ത്ഥമില്ലാതെ ജനിക്കുന്നു.

അതേ, വാക്കുകള്‍
ചിലപ്പോള്‍ അങ്ങനെയാണ്
ഒറ്റക്കാലില്‍ തപസ്സു ചെയ്യുന്ന
കൊറ്റിയെപ്പോലെ ജാഗരൂഗങ്ങളായിരിക്കും.
എന്നാല്‍ എപ്പോഴാണ് അവ
മൌനത്തിന്റെ അര്‍ദ്ധവാത്മീകങ്ങള്‍ തകര്‍ത്ത്
ചിന്താഖഗങ്ങളായി പറക്കുകയെന്നും
പ്രവചിക്ക വയ്യ.

വ്യഭിചരിക്കുന്ന തെരുവുജന്മത്തിന്റെ
വീര്‍പ്പുകള്‍ വികലമാക്കുക മാത്രമല്ല
യുദ്ധം കനക്കുന്ന രാഷ്ട്രതന്ത്രങ്ങളില്‍
അധിനിവേശത്തിന്‍ പടപ്പുറപ്പാടുകള്‍
പതിത ജീവിത തിരസ്കൃത ചിന്തതന്‍
ച്ചിതയോരുക്കുന്നതും നിന്നിനാല്‍ അംബേ

വീണ്ടും,
ആത്മാവും ആത്മാവും തമ്മില്‍
ആഭ്യന്തര കലാപങ്ങള്‍. (sept. 2009)

1.10.09

ഖജുരാവോ

അല്ല ശില്‍പ്പമേ,
ഞാന്‍ നിന്നെക്കുറിച്ച് പാടിനോക്കട്ടെ?
നിന്റെ കണ്ണീരു മാത്രമല്ല, യോനീസ്രവവും
എന്റെ കവിതയ്ക്ക് വിഷയമാക്കട്ടെ?

നിന്റെ രക്തം, നിന്റെ മാംസം
മലം മൂത്രം വിയര്‍പ്പുതുള്ളികളും
എവിടെയാണ് നീ ഒളിച്ചുവയ്ക്കുന്നത്?
നിന്റെ ഗര്‍ഭപാത്രം തുടിക്കാറുമില്ലേ?

മാറ് തുറന്ന പുരുഷന്മാരെ മാത്രമല്ല
ഗര്‍വ്വ് മൂടിയ കാമിനിമാരെയും നഗ്നയായ്
ഒരേ നിസംഗതയോടെ നീ നോക്കി നില്‍ക്കുന്നു.
നിന്നില്‍ സ്‌നേഹം ചുരത്താറില്ലേ പ്രിയേ?

തുണിവാരിക്കെട്ടി തുറന്നുകണ് ട കണ്ണനെ
വരി നിന്നുകാണുന്ന പെണ്ണിനെയോര്‍ക്കുമ്പോള്‍
നീയൊരു ദീര്‍ഘനിശ്വാസം പോലും പൊഴിച്ചിട്ടില്ലേ,
അവനില്‍ നിനക്കൊരു മോഹവുമില്ലേ പെണ്ണേ?

എന്റെ നഗ്നത ശ്ലീലം, നീന്റേത് മ്ലേച്ഛം
നിന്നെ ഏത് രാഗത്തില്‍ ഞാന്‍ പാടും?
എത്രനാള്‍ കൂടി നീ ഇങ്ങനെ നില്‍ക്കും
എത്ര സ്ഖലിച്ചാലാണ് നിന്നെ ഞാന്‍ അറിയുക? (August 2009)

(സ്ത്രീയുടെ കണ്ണീരിനെ വര്‍ണിക്കുന്ന കവികള്‍ അവളുടെ യോനീസ്രവത്തെ കുറിച്ച് പാടാത്തതെന്ത്? - മിലന്‍ കുന്ദേര)