7.3.09

ദുര

അടര്‍ന്നുതുടങ്ങിയ മൂലക്കല്ലുകള്‍ക്കും
ദുരമൂത്തു മാന്തിയ അടിവേരുകള്‍ക്കും
ചിലത്‌
പറയുവാനുണ്ട്‌.

ഇടിഞ്ഞുതുടങ്ങും മുമ്പേ മുലകള്‍ക്ക്‌
ഞാന്‍ പക്ഷേ
അന്യനായിക്കഴിഞ്ഞത്രേ..
തുടുപ്പു മായുന്ന നാളോര്‍ത്തായിരുന്നു
എന്നത്തെയും ഭയം.
അന്നൊക്കെ,

ഒരിക്കലും വരില്ലെന്നും
വന്നാല്‍ത്തന്നെ വിരു‌ന്നിനെന്നും ഞാന്‍,
വാടകക്കാശ്‌
കൃത്യമായിരിക്കണമെന്ന്‌ അവള്‍.
അതിനുംമുമ്പ്‌,

കാര്‍മേഘങ്ങള്‍
കഥകൊണ്ട്‌ മായില്ലെന്നവള്‍,
മഴയ്‌ക്കുമുമ്പേ
പെയ്‌തുതോരാമെന്നു ഞാന്‍. (march 2009)

19.2.09

പവിത്രൻ

വീട്ടില്‍;
മീന്‍ ചുട്ടെടുത്താല്‍
കപ്പയ്ക്ക് കൂട്ടാമെന്ന് മകള്‍.
പച്ചമീന്‍ ചുട്ടാലും കുളിക്കാതെ വന്നാലും
വാട നാറുന്നു എന്ന് ഭാര്യ.
വിറ്റ മീനിന്‍റെ പണമെണ്ണി
പുഞ്ചിരിച്ചത് ഒരു തെരുവ് വേശ്യ.

വഴിയില്‍;
മീന്‍കണ്ണ് പോലെ തുടിക്കുന്നു
നിന്‍റെ കണ്ണുകള്‍ എന്ന് കാമുകി.
മീനിനെ പോലെ വഴുക്കുന്നു
പൗരുഷമെന്നു ലേഡിഡോക്ടര്‍.
മീനായ്‌ അവതരിച്ച എന്‍റെ കൃഷ്ണന്‍
നീ തന്നെയെന്ന്‌ ഒരധ്യാപിക.

മുന്നില്‍;
ചീഞ്ഞ മീന്‍ പോലെ നിന്‍റെ
വാക്കുകള്‍ എന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍
കണ്ണാടിയില്‍ കണ്ണുകള്‍
ചത്തമീന്‍ പോലെ മലര്‍ന്നിരിക്കുന്നു.
തീക്കനല്‍ പാറിയ കണ്ണിലെ
കൃഷ്ണമണി പോലും തണുത്ത് വിറക്കുന്നു. (2007 ജൂൺ)

29.12.08

സൂനാമി ഒരോര്‍മയല്ല

പുതുവര്‍ഷത്തിനു വഴിതെറ്റുന്നു,
അനുവാദത്തിനു കാക്കുന്നു.
കടലെടുത്ത ആഴങ്ങളുടെ
കരിമ്പടം പുതച്ച പുതുവര്‍ഷം.
പ്രകമ്പനം കൊള്ളുന്ന ഭൂമിക്ക് മുകളില്‍
പ്രഹേളിക പോലെ ഞാന്‍ ചിരിക്കുന്നു, നീയും.

അഭയാര്‍ഥി ക്യാമ്പുകളില്‍ അന്നം വിളമ്പുമ്പോള്‍
അറിയാതൊഴിഞ്ഞ ഒരു വറ്റ് തേടി,
തിരകള്‍ ബലാല്‍ക്കാരം ചെയ്ത എച്ചില്‍ക്കരകളില്‍
തിരകളെ നോക്കാനൊരു മീന്‍കണ്ണ് തേടി,
ആള്‍ദൈവങ്ങള്‍ ആക്രാന്തപലായനം ചെയ്ത്
ശൂന്ന്യമാക്കിയ ശ്രീകോവിലുകളില്‍ ദൈവസാന്നിധ്യം തേടി.

കുമ്പസാരക്കൂട്ടില്‍ പോലും മനസുതുറക്കാത്ത
പള്ളീലച്ചനും കള്ളസന്ന്യാസിക്കുമൊപ്പം,
മുലപ്പാല് മുറിയാത്ത പിഞ്ചു ചുണ്ടുകളില്‍
മദപ്പാട് ചുരത്തുന്ന നികൃഷ്ടാ നിനക്കൊപ്പം.
ഈ വര്‍ഷപ്പിറന്നാള്‍ ഞാനുമോന്നാഘോഷിക്കട്ടെ,
വേറെയാരുണ്ടെനിക്കോന്നു കൂട്ടുകൂടാന്‍?

തല കുനിക്കണോ? ആവാം.
പക്ഷേ നട്ടെല്ല് ?
ഇല്ല, നട്ടെല്ലു കാലം വളച്ചുതന്നിത്താലി
കെട്ടുവാന്‍ ചൊന്നാല്‍ ഞാന്‍ ചെയ്യുകില്ല.
ആദിപാപത്തിന്നക്കരെ-
കാവല്‍ നില്ക്കുന്ന നാം തമ്മിലിത്രമാത്രം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു. നീ എന്നെയും. (dec.2008)

2.12.08

ഞാന്‍

അരികത്തമ്പിളി നിഴലുകള്‍ കുലുക്കിചിരിച്ചു -
പാല്‍നിലാവൊഴുക്കി തിമിര്‍ത്തെഴുന്നു ചോദിച്ചു
ആരാണ് നീ?

ഭവ്യതയാലുഴന്നു കൈക്കുമ്പിള്‍ നിറച്ചു
കോരിത്തരിച്ചു നിന്നു ഞാന്‍ തനിച്ചു ചോദിച്ചു
ആരാണ് ഞാന്‍?

നിനച്ചതോക്കെയും പിഴച്ചു പോകുന്ന
നിരാശഗാത്രത്തിന്‍ അതിര്‍വരമ്പുകള്‍ ചുഴന്നു ചിന്തിക്കാന്‍
കനലുപോല്‍ പഴുക്കും മനസിന്‍റെ കല്‍തുറുങ്കില്‍
അടച്ചുവെച്ചു ഞാന്‍ പതിതനായ് ചോദിച്ചു
ആരാണ് ഞാന്‍ ?

തനിക്ക് ഗന്ധര്‍വ്വഭാവമെന്ന് ഭാവിച്ച്
താന്‍ ദേവനെന്നു കല്‍പ്പിച്ചു വാഴുന്ന മര്‍ത്ത്യന്റെ കഴിവിലും
നിറവിലും വിശ്വാസ ഭാവങ്ങളൊക്കെയടുക്കി നിരീശ്വരവാദി-
യെന്നമര്‍ത്തി ഞാന്‍ ഭാവിച്ച പടങ്ങള്‍ തകര്‍ന്നെന്റെ
മനസെന്ന ആലിലതറയിലും ഇലകള്‍ പൊഴിഞ്ഞ
ചുറ്റമ്പലത്തിലും ഹിമാലയസാനുവില്‍ നട്ടുനനച്ച
കല്പകത്തിന്‍ മരം കടഞ്ഞ ശ്രീകോവിലും കടന്നു
ശീവേലി തൊഴുവാന്‍ കാത്തുനില്‍ക്കാതെ ഊട്ടുപുരയുടെ
വാതിലും തുറന്നക്ഷമനായ് ഊഴം കാത്തിരി-
ക്കവേ ഇന്നു ഞാനെന്നോടായ് തിരിച്ചുചോദിച്ചു
ആരാണ് ഞാന്‍ ?

ഇല്ല ദൈവമെന്നാര്‍ത്തു ഞാന്‍ പായവേ കാലില്‍
വെറുതെ തടഞ്ഞ കല്ലുകള്‍ കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തുവാന്‍
നിര്‍ബന്ധിതനാകുന്ന വേളയില്‍, പതിവിലും
ഹതാശനായ്‌ എന്നെ മറക്കുവാന്‍, ദൈവതമെന്നു
ചിന്തിച്ച് മറയുന്ന ജന്മം,
പതിതനാം മര്‍ത്ത്യന്റെ ജന്മം. അത്ര മാത്രം ഈ ഞാന്‍. (may 2005)

11.10.08

ചങ്ങമ്പുഴ

(മലരോളി തിരളും മധുചന്ദ്രികയില്‍ മഴവില്ക്കൊടിയുടെ മുനമുക്കി എഴുതുകയും
അദ്വൈതാമല ഭാവസ്പന്ദിത വിദ്വിന്‍മേഖലകളില്‍ വിഹരിക്കുകയും ചെയ്ത സൌന്ദര്യത്തിന്റെ, പ്രണയത്തിന്റെ, വൈരുധ്യത്തിന്റെ മഹാകവിയുടെ ഓര്‍മയ്ക്ക്)

ഇതാണിടപ്പള്ളി...
തിങ്ങിവിങ്ങിയ മലരണിക്കാടുകളെ
ഒരു വിങ്ങുന്ന മനസ് നട്ടുനനച്ച നാട്.
നിഴലും നിലാവും പ്രജ്ഞയില്‍ കരിപൂശിയ,
കാവ്യദേവത കാല്‍ചിലന്പിട്ട് നൃത്തമാടിയ,
അജപാല ബാലകന്‍ തന്റെ കുഞ്ഞാടിനോട്
കടം പറഞ്ഞു യാത്രപോയ നാട്

പണ്ട്
മംഗലാപുരത്ത് പോയപ്പോള്‍
ഇടപ്പള്ളി - 480 എന്ന് കുറിച്ച
മൈല്‍ക്കുറ്റി കണ്ടിരുന്നു.

ഇന്നു ഞാന്‍ പൂക്കള്‍ക്കിടയില്‍ ഇരിക്കയാണ്.
''വയലാര്‍ അവാര്‍ഡിന് നേരര്‍ഹര്‍
വീരന്റെ കൂലി എഴുത്തുകാര്‍'' എന്ന്
ആദ്യം ചെമ്മനം പൂത്തു.
പിന്നീട് പല കവികളും പൂത്തു. വിടര്‍ന്നു.
ഇന്നു സീരിയല്‍ നടനായ
ബാലന്‍ പണ്ടു പറഞ്ഞത് ശെരിയാണ്‌.
കവിതയില്‍ ജനാധിപത്യത്തിന്റെ കാലമാണ്.

ഒടുവിലൊടുവില്‍
ചുറ്റും നിറഞ്ഞ കവികളുടെ
വായ്നാറ്റം
ചെരിപ്പിന്റെ വാറില്‍ തുടച്ച്
ഞാന്‍ എഴുന്നേറ്റു പോകുമ്പോള്‍
വാതില്‍ക്കല്‍ വച്ച്
കൈകളില്ലാത്ത ഒരു പ്രതിമ
എന്നെ പിടിച്ചു നിര്‍ത്തി, ക്ഷുഭിതനായി
ചോദിച്ചു.
''അവര്‍ എന്താണ് വിളിച്ചത്?
നക്ഷത്രങ്ങളുടെ പ്രേമഭാജനമെന്നോ?
സ്നേഹഗായകന്‍ എന്നോ?
കാവ്യപ്രവാചകന്‍ എന്നോ?
മണിവീണ മീട്ടിയ കവി എന്നോ?
ഒടുവില്‍ പറഞ്ഞയാള്‍ ശെരിയായിരിക്കണം.
ഗന്ധര്‍വന്‍ എന്ന് നിനച്ചു കാണണം.
അതായിരിക്കണം ഒടുവിലായപ്പോള്‍*
തീര്‍ത്ഥവുമായി ആരും വരാതിരുന്നത്(october 2008)

(* അവസാനകാലത്ത് ആവശ്യത്തിനു ശുശ്രൂക്ഷ കിട്ടാതെയാണ് ചങ്ങമ്പുഴ മരിച്ചതെന്ന് വായിച്ചിട്ടുണ്ട് )

22.9.08

''സംശയം ഒരു രോഗമാണോ ഡോക്ടര്‍?''

ഒന്ന്:
തീരത്തെ പ്രണയിക്കുന്നില്ലെന്നു
തിരമാലകള്‍ ആണയിട്ടിട്ടും സൂര്യന്‍
അത്
അംഗീകരിച്ചു നല്‍കാത്തത് എന്താണ്?

മുടിയില്‍ കോര്‍ത്ത കൈവിരലുകളോടും
ചെവിയില്‍ വളര്‍ത്തുന്ന
പാമ്പിന്‍ കുഞ്ഞുങ്ങളോടും ആളുകള്‍
ഇങ്ങനെ പറയുന്നത് എന്താണ്?

നഗ്നമായ കഴുത്തുകള്‍ എന്നെ
അസ്വസ്ഥനാക്കുന്നല്ലോ....
നഗ്നത ആദ്യമായി കണ്ടപ്പോള്‍
പെണ്ണിനോട് തോന്നിയ വെറുപ്പ്
എനിക്കോര്‍മ വരുന്നല്ലോ...


രണ്ട്:
ഒരു കുന്നിന് ഒരു കുഴി
നിര്‍മിച്ച ഈശ്വരന്‍
ഒരു ചാണ്‍ വയറിന്
ഒരു നാഴി
അരിയെ നിര്‍മിക്കാന്‍ മറന്നതെന്താണ്?

ആള്‍ദൈവങ്ങള്‍ ആക്രാന്ത പലായനം
ചെയ്തിരുന്നില്ലെന്കില്‍
ഒരുപക്ഷെ സ്വര്‍ഗത്തില്‍ നിന്നും
സൂനാമി
ദുരിതാശ്വാസം ലഭിക്കുമായിരുന്നില്ലേ?

ദൈവങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ഇല്ലായിരുന്നെങ്കില്‍
അവര്‍ക്ക് നിവേദിക്കുന്ന പാല് കൊണ്ട്,
അവര്‍ക്ക് കാണിക്ക വെയ്ക്കുന്ന അരിമണികള്‍ കൊണ്ട്,
ഞങ്ങള്‍ പാല്‍പ്പായസം ഉണ്ട് കഴിയുമായിരുന്നില്ലേ?? (januvary 2006)

10.8.08

ഫ, ഫാരതം എന്നെഴുതുന്ന ഫ.

പ്രണവമാം പ്രളയശബ്ദത്തില്‍ നിന്നത്രേ
പ്രപഞ്ചത്തിന്‍ ഉല്‍പത്തിയെന്നു പഠിച്ചോരിന്ത്യ
അരുത് ഹിംസയെന്നാര്‍ത്തു പാടിക്കൊണ്ട്
ഇതിഹാസ കാവ്യം ചമച്ചോരീ ഇന്ത്യ.

എന്‍ മകന്‍ ഭരതന്‍ രാജ്യം ഭരിക്കണം,
നിന്‍ മകന്‍ രാമനോ വനവാസിയാകണം
എന്ന് വരം വാങ്ങി സംതൃപ്തിയടയുന്ന
കേകയരാജ്ഞി തന്‍ അന്തരംഗങ്ങളില്‍
അന്നേ പിളര്‍ന്നോരീ ഇന്ത്യ.

സോദരി തന്നേയാ പാണ്ഡവ പത്നിയെ
മുട്ടോളമെത്തിയ മുടി പിടിച്ചുലച്ചും,
നേര്‍ത്ത മാര്‍ക്കച്ച ബലമായഴിച്ചും
ഉടുപുടവ ചീന്തിയും
ഉള്‍തുടകളെ നനച്ചുകൊണ്ട് കണങ്കാലില്‍
തെളിഞ്ഞ നേര്‍രേഖയ്ക്ക് കടും ചുവപ്പേകിയ
രജരക്തത്തിന്‍ നിഗൂഡമാം ഉറവിടം
നഗ്നയായ്‌ നിര്‍ത്തുവാന്‍,
കണ്ടാസ്വദിക്കുവാന്‍
അട്ടഹസിക്കുവാന്‍ കാത്തുനിന്നീടുന്ന
ഹസ്തിനപുരത്തിന്റെ ധാ(ധൂ)ര്‍ത്തരാഷ്ട്രന്‍മാര്‍ക്ക്
നേര്‍ പിന്തുടര്‍ച്ചയാകുന്നെന്റെ ഇന്ത്യ.

വീര വിവേകും ഗാന്ധി മഹാത്മാവും
സ്വപ്‌നങ്ങള്‍ കണ്ടൊരീ ഇന്ത്യ.
സമാരാജ്യ ജീവിതം സാക്ഷാത്കരിക്കുവാന്‍
അന്നേ പുലര്‍ന്നോരീ ഇന്ത്യ, അവര്‍
നന്നേ അലഞ്ഞോരീ ഇന്ത്യ.

മുപ്പത്തി മുക്കൊടിയില്‍ പരം ദേവകള്‍
അഭയം തിരഞ്ഞോരീ ഇന്ത്യ.
ഹിന്ദു മുസല്‍മാന്‍ പാഴ്സിയും ബുദ്ധനും
ക്രിസ്തുവും ജൈനനും പിന്നെയുമോരായിരം
എണ്ണിയാല്‍ തീരാ കറുപ്പിന്‍ മതങ്ങളെ
എന്നി നാം തീര്‍ക്കാതോരിന്ത്യ.

നന്‍മുലക്കുഞ്ഞിന്നു സ്തന്യം പകരുന്ന
അമ്മപോലും രതിചിത്രചിഹ്നമാവുന്നോരീ ഇന്ത്യ
സ്വന്തം കുരുന്നിന്‍ ശവം ചുട്ടുതിന്നുന്നോരമ്മ തന്‍
കണ്ണിന്റെ ചോരയുടെ ഉപ്പുള്ള ഇന്ത്യ.

അമ്മേ ഇതു നിന്റെ മുഖപടം,
അഴിക്കായ്ക,
ഓര്‍ക്കാന്‍ മറക്കായ്ക ഇതു നിന്റെ നേര്‍പടം (august 2004)