10.8.08

ഫ, ഫാരതം എന്നെഴുതുന്ന ഫ.

പ്രണവമാം പ്രളയശബ്ദത്തില്‍ നിന്നത്രേ
പ്രപഞ്ചത്തിന്‍ ഉല്‍പത്തിയെന്നു പഠിച്ചോരിന്ത്യ
അരുത് ഹിംസയെന്നാര്‍ത്തു പാടിക്കൊണ്ട്
ഇതിഹാസ കാവ്യം ചമച്ചോരീ ഇന്ത്യ.

എന്‍ മകന്‍ ഭരതന്‍ രാജ്യം ഭരിക്കണം,
നിന്‍ മകന്‍ രാമനോ വനവാസിയാകണം
എന്ന് വരം വാങ്ങി സംതൃപ്തിയടയുന്ന
കേകയരാജ്ഞി തന്‍ അന്തരംഗങ്ങളില്‍
അന്നേ പിളര്‍ന്നോരീ ഇന്ത്യ.

സോദരി തന്നേയാ പാണ്ഡവ പത്നിയെ
മുട്ടോളമെത്തിയ മുടി പിടിച്ചുലച്ചും,
നേര്‍ത്ത മാര്‍ക്കച്ച ബലമായഴിച്ചും
ഉടുപുടവ ചീന്തിയും
ഉള്‍തുടകളെ നനച്ചുകൊണ്ട് കണങ്കാലില്‍
തെളിഞ്ഞ നേര്‍രേഖയ്ക്ക് കടും ചുവപ്പേകിയ
രജരക്തത്തിന്‍ നിഗൂഡമാം ഉറവിടം
നഗ്നയായ്‌ നിര്‍ത്തുവാന്‍,
കണ്ടാസ്വദിക്കുവാന്‍
അട്ടഹസിക്കുവാന്‍ കാത്തുനിന്നീടുന്ന
ഹസ്തിനപുരത്തിന്റെ ധാ(ധൂ)ര്‍ത്തരാഷ്ട്രന്‍മാര്‍ക്ക്
നേര്‍ പിന്തുടര്‍ച്ചയാകുന്നെന്റെ ഇന്ത്യ.

വീര വിവേകും ഗാന്ധി മഹാത്മാവും
സ്വപ്‌നങ്ങള്‍ കണ്ടൊരീ ഇന്ത്യ.
സമാരാജ്യ ജീവിതം സാക്ഷാത്കരിക്കുവാന്‍
അന്നേ പുലര്‍ന്നോരീ ഇന്ത്യ, അവര്‍
നന്നേ അലഞ്ഞോരീ ഇന്ത്യ.

മുപ്പത്തി മുക്കൊടിയില്‍ പരം ദേവകള്‍
അഭയം തിരഞ്ഞോരീ ഇന്ത്യ.
ഹിന്ദു മുസല്‍മാന്‍ പാഴ്സിയും ബുദ്ധനും
ക്രിസ്തുവും ജൈനനും പിന്നെയുമോരായിരം
എണ്ണിയാല്‍ തീരാ കറുപ്പിന്‍ മതങ്ങളെ
എന്നി നാം തീര്‍ക്കാതോരിന്ത്യ.

നന്‍മുലക്കുഞ്ഞിന്നു സ്തന്യം പകരുന്ന
അമ്മപോലും രതിചിത്രചിഹ്നമാവുന്നോരീ ഇന്ത്യ
സ്വന്തം കുരുന്നിന്‍ ശവം ചുട്ടുതിന്നുന്നോരമ്മ തന്‍
കണ്ണിന്റെ ചോരയുടെ ഉപ്പുള്ള ഇന്ത്യ.

അമ്മേ ഇതു നിന്റെ മുഖപടം,
അഴിക്കായ്ക,
ഓര്‍ക്കാന്‍ മറക്കായ്ക ഇതു നിന്റെ നേര്‍പടം (august 2004)