11.10.08

ചങ്ങമ്പുഴ

(മലരോളി തിരളും മധുചന്ദ്രികയില്‍ മഴവില്ക്കൊടിയുടെ മുനമുക്കി എഴുതുകയും
അദ്വൈതാമല ഭാവസ്പന്ദിത വിദ്വിന്‍മേഖലകളില്‍ വിഹരിക്കുകയും ചെയ്ത സൌന്ദര്യത്തിന്റെ, പ്രണയത്തിന്റെ, വൈരുധ്യത്തിന്റെ മഹാകവിയുടെ ഓര്‍മയ്ക്ക്)

ഇതാണിടപ്പള്ളി...
തിങ്ങിവിങ്ങിയ മലരണിക്കാടുകളെ
ഒരു വിങ്ങുന്ന മനസ് നട്ടുനനച്ച നാട്.
നിഴലും നിലാവും പ്രജ്ഞയില്‍ കരിപൂശിയ,
കാവ്യദേവത കാല്‍ചിലന്പിട്ട് നൃത്തമാടിയ,
അജപാല ബാലകന്‍ തന്റെ കുഞ്ഞാടിനോട്
കടം പറഞ്ഞു യാത്രപോയ നാട്

പണ്ട്
മംഗലാപുരത്ത് പോയപ്പോള്‍
ഇടപ്പള്ളി - 480 എന്ന് കുറിച്ച
മൈല്‍ക്കുറ്റി കണ്ടിരുന്നു.

ഇന്നു ഞാന്‍ പൂക്കള്‍ക്കിടയില്‍ ഇരിക്കയാണ്.
''വയലാര്‍ അവാര്‍ഡിന് നേരര്‍ഹര്‍
വീരന്റെ കൂലി എഴുത്തുകാര്‍'' എന്ന്
ആദ്യം ചെമ്മനം പൂത്തു.
പിന്നീട് പല കവികളും പൂത്തു. വിടര്‍ന്നു.
ഇന്നു സീരിയല്‍ നടനായ
ബാലന്‍ പണ്ടു പറഞ്ഞത് ശെരിയാണ്‌.
കവിതയില്‍ ജനാധിപത്യത്തിന്റെ കാലമാണ്.

ഒടുവിലൊടുവില്‍
ചുറ്റും നിറഞ്ഞ കവികളുടെ
വായ്നാറ്റം
ചെരിപ്പിന്റെ വാറില്‍ തുടച്ച്
ഞാന്‍ എഴുന്നേറ്റു പോകുമ്പോള്‍
വാതില്‍ക്കല്‍ വച്ച്
കൈകളില്ലാത്ത ഒരു പ്രതിമ
എന്നെ പിടിച്ചു നിര്‍ത്തി, ക്ഷുഭിതനായി
ചോദിച്ചു.
''അവര്‍ എന്താണ് വിളിച്ചത്?
നക്ഷത്രങ്ങളുടെ പ്രേമഭാജനമെന്നോ?
സ്നേഹഗായകന്‍ എന്നോ?
കാവ്യപ്രവാചകന്‍ എന്നോ?
മണിവീണ മീട്ടിയ കവി എന്നോ?
ഒടുവില്‍ പറഞ്ഞയാള്‍ ശെരിയായിരിക്കണം.
ഗന്ധര്‍വന്‍ എന്ന് നിനച്ചു കാണണം.
അതായിരിക്കണം ഒടുവിലായപ്പോള്‍*
തീര്‍ത്ഥവുമായി ആരും വരാതിരുന്നത്(october 2008)

(* അവസാനകാലത്ത് ആവശ്യത്തിനു ശുശ്രൂക്ഷ കിട്ടാതെയാണ് ചങ്ങമ്പുഴ മരിച്ചതെന്ന് വായിച്ചിട്ടുണ്ട് )