27.7.08

നിനക്ക്....

''വേര്‍പാട് ഒഴികെ, അന്യോന്യമുള്ള
യാത്ര പറയല്‍ ഒഴികെ മറ്റൊന്നും
അവശേഷിക്കുന്നില്ല''...: ഖലീല്‍ ജിബ്രാന്‍


(മറയാന്‍ തുടങ്ങുന്ന സൂര്യന്‍
അരുമയായ് മണ്ണിനെ നോക്കി
അകലാതെ വയ്യെന്ന തിരിച്ചറിവില്‍
ആ കണ്ണുകള്‍ നന്നേ ചുവന്നിരുന്നു..)


നിനക്ക്....

പ്രിയേ നിന്‍ പതുത്ത കൈകളില്‍
പകര്‍ന്നു നല്‍കുവാന്‍ മിഴിച്ചിമിഴിലെ
അലകടല്‍ മാത്രം, അലകടല്‍ മാത്രം.
എനിക്ക് കണ്ണ് നീ, എനിക്ക് കാതു നീ,
എനിക്കുയിര് നീ, എനിക്ക് സര്‍വം നീ...
നിരാശത മൂടി തളര്ന്നിരിക്കുമെന്‍
ധമനികള്‍ വറ്റി വരണ്ടു പോകുമ്പോള്
‍അണഞ്ഞു പോകാതെനിക്ക് ജീവനം
തിരിച്ചു തന്നു നീ കൊതിച്ച ജീവിതം.
നിനക്കു നേദിക്കാന്‍ കുറിച്ച വാക്കുകള്‍
മനം കടഞ്ഞു ഞാനെടുത്ത നോക്കുകള്‍
ഉടച്ചു നീയിനി കുതിച്ചു പായുക
അമൂര്‍ത്തമാം സ്നേഹം തിരഞ്ഞുപോകുക.
മധുകണം തേടി തിരഞ്ഞു പൂക്കളില്‍
അലഞ്ഞിടും ചിത്രശലഭങ്ങള്‍ക്കൊപ്പം
പറന്നുയരുമ്പോള്‍ മറന്നിടായ്ക നീ..
നിനക്കു നല്‍കുവാന്‍ മിഴിച്ചിമിഴിലെ
കിനാവുകള്‍ മാത്രം, തളര്‍ന്നുറങ്ങുമ്പോള്‍
കിനാവുകള്‍ എന്റെ ഉടപ്പിരപ്പുകള്‍,
ശിഥില സ്വപ്‌നങ്ങള്‍ എനിക്ക് സാന്ത്വനം.
ഇതെന്നുമോര്‍ക്ക നീ, അറിഞ്ഞു പാടുക,
നിനക്കു പിന്നാലെ വരുന്നവര്‍ക്കിതിന്‍
പിഴവുകള്‍ തീര്‍ത്തു പകര്‍ന്നു നല്കുക
മുരളിക പേര്‍ത്തും തിരഞ്ഞു നോക്കായ്ക.. (july 2008)