25.3.08

കഥ

തടം കോരിയ
തെങ്ങിന്റെ തണലില്‍
വിയര്‍പ്പാറ്റി, തളര്‍ന്നി-
രുന്നച്ഛന്‍ പറഞ്ഞുചൊല്ലി.

വേദകാലത്തിന്‌ അപ്പുറത്തുനിന്നും
നരച്ച മന്ത്രത്തിന്റെ
പനി പിടിച്ച
ശബ്ദം.

'പും എന്ന നരകത്തില്‍ നിന്നും
കൈ പിടിക്കേണ്ടോന്‍,
ആഗ്രഹം തീരുന്ന അവസാനനാളില്‍
അര്‍ഘ്യം* തരേണ്ടോന്‍.'

"ത്ഫൂ, നീയോ?"

കണ്ണിന്നു മുന്നില്‍
പിടിച്ച കണ്ണാടിയില്‍
അച്ഛന(ന)ര്‍ത്ഥങ്ങള്‍ തിരയുന്നു
വീണ്ടും.

"മകനേ നിനക്കെങ്ങു ഭാവി?
നീ ചരിത്രമില്ലാത്തവന്‍.
ഉള്ളിന്റെയുള്ളിലെരിയുന്ന
നെരിപ്പോട്‌.
ഇന്നിനെത്തേടി അന്തിച്ചു പായുമ്പോള്‍
കാലത്തിന്‍ കാലില്‍
തറച്ച കൂമുള്ളു നീ.

പൂയ്യത്തിന്റെ നാലാം കാലില്‍ പിറന്നവന്‍,
നീ കുലം മുടിക്കുന്നവന്‍.
താതശാപത്തിന്‍ ബലിക്കറ പുരണ്ടവന്‍,
മാതൃവാല്‍സല്യത്തിന്‍ കഴുത്തറുത്തിട്ടവന്‍,
കാമിനീമേനിയില്‍ മേധം നടത്തുവോന്‍,
കാലനെ, കരിംകാലനെ മാത്രം നിത്യം ഭജിക്കുവോന്‍".

നിനക്കെങ്ങു ഭാവി?
നീ
ചരിത്രമില്ലാത്തവന്‍.
കുതറിച്ചുപായുവാന്‍
ഒരു പേരുമില്ലാത്തവന്‍.(june 2004)

*അര്‍ഘ്യം-അഷ്ടാദശോപചാരങ്ങളിലൊന്ന്‌.

24.3.08

സമര്‍പ്പണം

ഇളകുന്ന ചിരിയോടെ കരയെ
ചുബിക്കയും, വിങ്ങുന്ന മനസ്സോടെ
പിന്തിരിഞ്ഞുപോവുകയുമാവുന്ന
അരുമത്തിരകള്‍ക്ക്‌......
വര്‍ഷങ്ങള്‍ക്കുമുമ്പൊരു ഉത്സവപ്പറമ്പില്‍വച്ച്‌
പുഷ്പാഞ്ജലിയുടെ രസീതിക്കടലാസില്‍
കുറിച്ച കവിതയില്‍ കൈവിഷം
കലക്കിത്തന്ന പ്രിയപ്പെട്ട സുഹൃത്തിന്‌....(march 2008)